കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപന നിരക്ക് വർധിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ മരണ നിരക്കും വർധിക്കുകയാണ്. ഇതു വരെ 64 പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരണപെട്ടത്. ജില്ലയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ്. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർധിക്കുന്ന സാഹചര്യത്തിലും തീവ്ര കൊവിഡ് രോഗികൾക്കുള്ള ചികിത്സയ്ക്ക് ഇനിയും ജില്ലയിൽ സംവിധാനം ഒരുക്കിയിട്ടില്ല.
മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും തീവ്ര രോഗികളെ ചികിത്സിക്കാനുള്ള ഐസിയു പോലും ഇത് വരെ ഒരുക്കാൻ സാധിച്ചിട്ടില്ല. ടാറ്റയുടെ കൊവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തതല്ലാതെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് ജില്ലയിലെ സമ്പർക്കം വഴിയുള്ള കേസുകൾ വർധിക്കാൻ തുടങ്ങിയത്. വ്യാഴാഴ്ച സ്ഥിരീകരിച്ച 329 പേരിൽ 290 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ദിവസേന ഒന്നിലധികം അളുകളാണ് കൊവിഡ് ബാധിച്ച് മരണപെടുന്നത്. വരും ദിവസങ്ങളിൽ രോഗ വ്യാപനം ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
Content Highlights; spread of covid 19 in kasargod is intensifying said district medical officer