കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ വെച്ച് സെപ്റ്റംബർ 9 വരെ 97 പേർ മരിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രാജ്യ സഭയിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഓബ്രിയോൺ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൻ്റെ പ്രത്യേക സർവീസ് ആരംഭിച്ചത് മുതൽ എത്രപേർ മരിച്ചുവെന്നായിരുന്നു തൃണമൂൽ എം.പി ചോദിച്ചത്. മരിച്ച 97 പേരിൽ 87 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
ഹൃദയഘാതം, ഹൃദ്രോഗം, ബ്രെയിൻ ഹെമറേജ് തുടങ്ങിയ അസുഖങ്ങൾ കാരണമാണ് മരണം സംഭവിച്ചതെന്നും ഗോയൽ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ആകെ 4621 ശ്രമിക് ട്രെയിനുകളാണ് സർവീസ് നടത്തിയത്. ഇതുവഴി 6,319,000 യാത്രക്കാരെയാണ് അവരവരുടെ നാടുകളിലേക്ക് എത്തിച്ചതെന്നും മന്ത്രി പാർലമെൻ്റിൽ പറഞ്ഞു. കൊവിഡിനിടെ ജീവൻ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്ക് സർക്കാരിൻ്റെ കെെയ്യിലില്ലെന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ വിശദീകരണത്തിൽ വലിയ പ്രതിഷേധങ്ങളാണ് നേരത്തെ ഉയർന്നിരുന്നത്.
content highlights: 97 migrants died on-board Shramik special trains, government tells Rajya Sabha