പഞ്ചാബിലെ പ്രധാനപ്പെട്ട വ്യവസായിക പട്ടണമായ ലുധിയാനയിൽ കൊവിഡ് വെെറസ് ബാധ നിയന്ത്രാണാതീതമായി വർധിക്കുകയാണ്. സംസ്ഥാനത്തെ എറ്റവും കൂടുതൽ കൊവിഡ് ബാധിച്ച ജില്ല അല്ലെങ്കിൽ കൂടി മരണനിരക്കിൽ മുന്നിലാണ് ലുധിയാന. സെപ്റ്റംബർ 20 വരെ 663 കൊവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 4.1 ശതമാനമാണ് ഇവിടുത്തെ കൊവിഡ് മരണനിരക്ക്. ഇത് ദേശിയ ശരാശരിയേക്കാളും കൂടുതലാണ്. പഞ്ചാബിലെ മരണനിരക്ക് 2.94 ശതമാനവും ദേശിയ ശരാശരി 1.64 ശതമാനവുമാണ്. 2,757 പേരാണ് പഞ്ചാബിൽ ആകെ കൊവിഡ് ബാധിച്ചു മരിച്ചത്.
ആരോഗ്യ സംവിധാനങ്ങളുടെ കുറവാണ് ജില്ലയിൽ ഇത്രയധികം മരണങ്ങൾ രേഖപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ. ഏകദേശം 35 ലക്ഷത്തോളം ജനസംഖ്യ വരുന്ന ജില്ലയിൽ രണ്ട് ഗവൺമെൻ്റ് ആശുപത്രികൾ മാത്രമാണ് ഉള്ളത്. എന്നാൽ ഇവിടെ അത്യാസന്നരായ കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൌകര്യവും ഇല്ല. ഇത്തരം സാഹചര്യത്തിൽ 100 കിലോ മീറ്റർ ദൂരെയുള്ള ചണ്ഡീഗഢിലുള്ള ആശുപത്രിയിലോ പട്യാലയിലുള്ള ഗവൺമെൻ്റ് ആശുപത്രിയിലോ ആണ് രോഗിയെ കൊണ്ടു പോകുന്നത്. 33 സ്വകാര്യ ആശുപത്രികളാണ് പഞ്ചാബിൽ ഉള്ളത്. 663 പേർ മരിച്ചതിൽ 537 പേർക്കും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ആരോഗ്യ വകുപ്പിൻ്റെ കണക്ക് പ്രകാരം ലുധിയാനയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന 1648 പേരുടെ നില അതീവ ഗുരുതരമാണ്.
content highlights: Over 660 deaths, 4.1% fatality rate — why Ludhiana has Punjab’s worst Covid numbers