രാജ്യത്ത് കൊവിഡ് വ്യാപനത്തിൻ്റെ ആരംഭ ഘട്ടത്തിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ മാർച്ചിൽ നടന്ന തബ്ലീഗ് സമ്മേളനം കൊവിഡ് വ്യാപകമായി വർധിക്കുന്നതിന് ഒരു കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻ്റിൽ പറഞ്ഞു. കൊറോണ വെെറസിനെ പ്രതിരോധിക്കാനുള്ള മാർഗനിർദ്ദേശങ്ങളും ഉത്തരവുകളും പുറത്തിറക്കിയിട്ടും യാതൊരു മുൻകരുതലുമില്ലാതെ ഒരുപാട് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സമ്മേളനം നിരവധി പേരിലേക്ക് കൊവിഡ് പകരാൻ കാരണമായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിൽ പറഞ്ഞു. ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് പകരുന്നതിന് തബ്ലിഗ് സമ്മേളനം കാരണമായോ എന്ന ശിവസേന എം പി അനിൽ ദേശായിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എത്രപേർ സമ്മേളനത്തിൽ പങ്കെടുത്തുവെന്നും എത്രപേരെ അറസ്റ്റു ചെയ്തുവെന്നും അനിൽ ദേശായി ചോദിച്ചു.
വിദേശികളായവർ ഉൾപ്പെടെ 100 ലധികം ആളുകൾക്കാണ് സമ്മേളനത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 29ന് 2,361 പേരെ ഡൽഹി പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. 233 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 36 രാജ്യങ്ങളിൽ നിന്നുള്ള 956 പേർക്കെതിരെ 59 കുറ്റപത്രങ്ങളാണ് ഡൽഹി പോലീസ് സമർപ്പിച്ചിട്ടുള്ളത്. ടൂറിസ്റ്റ് വിസയ്ക്ക് ഇന്ത്യയിലെത്തി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻ്റിൽ വ്യക്തമാക്കി.
content highlights: Tablighi Event Led To Covid Spread Among “Many”: Government To Parliament