കുട്ടി ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിച്ചു; കുഞ്ഞ് മരിച്ചു

ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ബുദോൻ ജില്ലയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടക്കുന്നത്. മൂർച്ചയുള്ള കത്തി ഉപയോഗിച്ചാണ് ഇയാൾ ഭാര്യയുടെ വയർ കീറിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി. സംഭവത്തിൽ കുഞ്ഞ് മരിച്ചു. 

അഞ്ച് പെൺമക്കളുടെ പിതാവാണ് ഇയാൾ. ഇനിയും ജനിക്കാൻ പോകുന്നത് പെൺകുട്ടിയാകുമോ എന്ന ചിന്ത ഇയാളെ നിരന്തരം അലട്ടിയിരുന്നു. തുടർന്നാണ് ഭാര്യയുടെ വയർ മുറിക്കാൻ ഇയാൾ തീരുമാനിക്കുന്നത്. ആൺകുട്ടിയെ വേണം എന്ന് പറഞ്ഞ് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താൻ മനഃപ്പൂർവം ചെയ്തതല്ലെന്നും കത്തി എടുത്തെറിഞ്ഞപ്പോൾ ഭാര്യയുടെ വയറിൽ കൊണ്ട് മുറിഞ്ഞതാണെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. 

പെൺ ഭ്രൂണഹത്യ

യുഎൻ പോപുലേഷൻ ഫണ്ടിൻ്റെ 2020 ജൂണിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ 50 വർഷത്തിനിടയ്ക്ക് 4.6 കോടി പെൺ ഭ്രൂണഹത്യകളാണ് നടന്നത്. പ്രതിവർഷം 460,000 പെൺകുട്ടികളാണ് ഗർഭഛിദ്രത്തിലൂടെ ഇല്ലാതാക്കപ്പെടുന്നത്. പെൺകുട്ടികളുടെ വിവാഹത്തിന് സ്ത്രീധനം കൊടുക്കേണ്ടി വരുന്നതാണ് പെൺ ഭ്രൂണഹത്യയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ നിയമം അനുസരിച്ച് ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ ലിംഗ നിർണയം നടത്താനുള്ള അധികാരമില്ല. പക്ഷെ ഇന്നും ഇന്ത്യയിൽ പെൺ ഭ്രൂണഹത്യയും ലിംഗ വിവേചനവും വലിയ പ്രശ്നമായി തന്നെ തുടരുകയാണ്. 2014ലെ യുഎൻ റിപ്പോർട്ട് പറയുന്നത് ഇന്ത്യയിൽ സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാൾ കുറഞ്ഞുവരികയാണെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നുമാണ്. 

content highlights: Indian man cuts the pregnant wife’s belly ‘to check gender’