ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷിയുണ്ടെന്ന കണ്ടെത്തലുമായി ഗവേഷക സംഘം

ബ്രസീലിയ: ഡെങ്കിപ്പനിയും കൊവിഡ് വൈറസും തമ്മില്‍ ബന്ധം കണ്ടെത്തി ബ്രസീലിയന്‍ ഗവേഷകര്‍. ഡെങ്കിപ്പനി വന്നവര്‍ക്ക് കൊവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് പുതിയ പഠനം. ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കൊതുകുവഴി പകരുന്ന ഡെങ്കിപ്പനിക്കും സമ്പര്‍ക്കം വഴി പകരുന്ന കോവിഡ് ബാധയ്ക്കും പരസ്പര ബന്ധമുള്ളതായി കണ്ടെത്തിയത്. 2019ല്‍ ബ്രസീലില്‍ ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളും ഈ വര്‍ഷം കൊവിഡ് ബാധിച്ച പ്രദേശങ്ങളിലും നടത്തിയ താരതമ്യ പഠനത്തിലാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്.

2019ല്‍ ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്ന മേഖലകളില്‍ കൊവിഡ് വ്യാപനത്തോത് കുറവാണെന്നാണ് ഗവേഷകരുടെ പക്ഷം. അതിനാല്‍ ഡെങ്കിപ്പനി ബാധിച്ചവരിലുള്ള ആന്റിബോഡി കൊവിഡിനെയും ചെറുക്കുമെന്നാണ് ഗവേഷകരുടെ പഠനം തെളിയിക്കുന്നത്. നിഗമനം ശരിയെന്ന് തെളിഞ്ഞാല്‍ ഡെങ്കിപ്പനിക്ക് നല്‍കുന്ന പ്രതിരോധ വാക്‌സിന്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന സാധ്യതയും ഗവേഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

എന്നാല്‍, രണ്ട് വിഭാഗത്തിലുള്ള കൊവിഡ് വൈറസും, ഡെങ്കു വൈറസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തെളിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകസംഘം വ്യക്തമാക്കുന്നു.

Content Highlights: Study suggests Dengue may provide some immunity against Covid-19