ബഹിരാകാശ മാലിന്യ ഭീഷണിയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഭ്രമണപഥം ഉയർത്തി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഈക്കാര്യം അറിയിച്ചത്. ഭ്രമണപഥത്തിൽ മാറ്റം വരുത്തിയില്ലായിരുന്നുവെങ്കിൽ ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിയിടിയുണ്ടാകുമായിരുന്നുവെന്ന് നാസ അറിയിച്ചു.
രണ്ടര മിനിറ്റ് എടുത്ത് റഷ്യയുടേയും അമേരിക്കയുടേയും വിദഗ്ധർ ഒന്നിച്ചാണ് പ്രവർത്തനം നിയന്ത്രിച്ചത്. ഭ്രമണപഥം ഉയർത്തിയതിന് പിന്നാലെ 1.4 കിലോമീറ്റർ സമീപത്തുകൂടി ബഹിരാകാശ മാലിന്യങ്ങൾ കടന്നുപോയി. 2018ൽ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിൻ്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണി ആയത്.
ഭ്രമണപഥം ഉയർത്തിയ സമയത്ത് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയിരുന്നു. ഏന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ സുരക്ഷിതമായി ഇവരെ ഭൂമിയിലെത്തിക്കാനാണ് ഇങ്ങനെ ചെയ്തത്. 1998 മുതൽ ഏതാണ്ട് 25 തവണ ബഹിരാകാശ നിലയത്തിൻ്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
content highlights: International Space Station Moves To Avoid Collision With Debris