കൊവിഡിൻ്റെ പേരിൽ എല്ലാ തടവുകരേയും വിട്ടയക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി; ഉന്നത അധികാര സമിതി രൂപീകരിക്കാനും നിർദേശം

കൊവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏതൊക്കെ തടവുകാരെ വിട്ടയക്കണമെന്ന് തീരുമാനിക്കാൻ ഉന്നത അധികാര സമിതി രൂപികരിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. കുറ്റകൃത്യങ്ങളുടെ സ്വഭാവവും കാഠിന്യവും കണക്കിലെടുത്തുകൊണ്ട് മാത്രമായിരിക്കണം സമിതികൾ തടവുകാർക്ക് പരോൾ അനുവദിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം ഇന്ത്യയിൽ ശക്തമാകുന്ന സാഹചര്യത്തിൽ മാർച്ച് 23ന് സുപ്രീം കോടതി ജയിലുകളിൽ സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിക്കുകയും കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തടവുകാരുടെ ശിക്ഷാ കാലാവധി കണക്കിലെടുത്ത് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കാനാണ് അന്ന് നിർദേശിച്ചിരുന്നത്. 

കൊവിഡ് പകരാതിരിക്കാനുള്ള താൽകാലിക പരിഹാരമായി മാത്രമാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം എടുത്തത്. അതേസമയം തന്നെ കുറ്റകൃത്യങ്ങളുടെ ത്രീവത കണക്കിലെടുക്കാതെ എല്ലാ തടവുകാരേയും മോചിപ്പിക്കാനുള്ള അവസരമായി ഇത് കാണരുത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ജയിലുകളിലെ വെെറസ് വ്യാപന സാധ്യതകളും അടിസ്ഥാന സൌകര്യങ്ങളുമൊക്കെ പരിഗണിച്ചായിരിക്കും ഈ പ്രത്യേക പരിഗണന നൽകുക എന്നും കോടതി വ്യക്തമാക്കി. സമൂഹ്യ ആകലം പാലിക്കാൻ സാഹചര്യമുള്ള ജയിലുകളിൽ നിന്നും തടവുകാരെ മോചിപ്പിക്കേണ്ട ആവശ്യമില്ല. യുഎപിഎ. എൻഡിപിഎസ്. എംപിഐഡി, പിഎംഎൽഎ, എംസിഒസി തുടങ്ങിയ നിയമങ്ങൾ പ്രകാരം കുറ്റം ചുമത്തിയിട്ടുള്ളവർക്ക് പരോള്‍ അനുവദിക്കില്ല.

content highlights: “Not Every Prisoner To Be Released Amid Pandemic”: Supreme Court