കോവിഡ് നിയന്ത്രണവിധേയം; ന്യൂസിലന്‍ഡില്‍ ഇനി മാസ്‌കും നിര്‍ബന്ധമല്ല

വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയ ന്യൂസിലന്‍ഡില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. രാജ്യത്ത് ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന ഇളവും പ്രാബല്യത്തില്‍ വന്നു. ഓക്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

മറ്റ് സ്ഥലങ്ങളിലെല്ലാം തന്നെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചിരുന്നു. ഓക്ലന്‍ഡിലും കോവിഡ് വ്യാപനം നേരിയ തോതിലാണെന്നും അത് ഉടന്‍ തന്നെ പൂര്‍ണ തോതില്‍ നിയന്ത്രണവിധേയമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 1468 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 25 പേര്‍ മാത്രമാണ് മരണത്തിനു കീഴടങ്ങിയത്.

കോവിഡ് നിയന്ത്രണ- പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ന്യൂസിലന്‍ഡ് മാതൃക ഇതിനോടകം തന്നെ ലോകവ്യാപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

Content Highlight: Covid-19 New Zealand: Mask rules eased as cases drop