സംസ്ഥാനത്ത് കൊവിഡ് പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കാമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പ്രതിദിന നിരക്ക് കുത്തനെ കൂടിയേക്കുമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകിച്ച് ആദ്യമായാണ് പ്രതിദിന കണക്ക് 5000 കടക്കുന്നത്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് അരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇവിടെ ലക്ഷണമുള്ള എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അതിതീവ്ര രോഗവ്യാപനമുള്ളത്. കഴിഞ്ഞ ആഴ്ച്ചയിലെ കൊവിഡ് വ്യാപനം അടിസ്ഥാനമാക്കി തയാറാക്കിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ ജില്ലകളിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ചൂണ്ടികാട്ടുന്നത്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പരിശോധയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുത്തനെ കൂടി. കോഴിക്കോട് ജില്ലയില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.4 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ ആഴ്ച ഇത് 9.1 ശതമാനം ആയി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിന്റെ എണ്ണവും കൂടി.

കഴിഞ്ഞ ആഴ്ച മാത്രം 91 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും പിസിആര്‍ പരിശോധന ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Content Highlights: Covid spread is Very high in five districts