കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെ 15 ബില്ലുകളാണ് രാജ്യസഭയിൽ രണ്ടു ദിവസത്തിനുള്ളിൽ പാസ്സാക്കിയത്. ഏഴ് ബില്ലുകൾ ചൊവ്വാഴ്ചയും 8 ബില്ലുകൾ ബുധനാഴ്ചയുമാണ് പാസ്സാക്കിയത്. തൊഴിലാളി യൂണിയൻ്റെ ഭാഗത്തുനിന്ന് ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായ മൂന്ന് തൊഴിൽ പരിഷ്കരണ ബില്ലുകളും ഇന്നലെ രാജ്യസഭയിൽ പാസ്സാക്കി.
ചില അംഗങ്ങൾ സഭ ബഹിഷ്കരിച്ചപ്പോഴാണ് സുപ്രധാന ബില്ലുകൾ പാസാക്കപ്പെട്ടതെന്ന് രാജ്യസഭ ചെയർമാനായ വെങ്കയ്യ നായിഡു രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതിന് മുന്നോടിയായിട്ടുള്ള പ്രസംഗത്തിൽ പറഞ്ഞു. 2013ലെ ധന ബില്ല് പാസാക്കപ്പെട്ട സമാന സാഹചര്യത്തേയും അദ്ദേഹം സൂചിപ്പിച്ചു. സഭയിലെ നിയമം ലംഘിച്ചെന്ന് കാണിച്ച് 8 എംപിമാരെ സസ്പെൻഡ് ചെയ്തത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പക്ഷെ എങ്ങനെ പ്രതിഷേധിക്കുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഉപരിസഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് തൻ്റെ ഉത്തരവാദിത്വമെന്നും നായിഡു വ്യക്തമാക്കി.
content highlights: Opposition Absent, 15 Bills Passed In Rajya Sabha In Two Days