ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡിനൊപ്പം ഡെങ്കിപ്പനിയും

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മനീഷ് സിസോദിയയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 14നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

പനിയും, ശ്വാസതടസവും, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ഇദ്ദേഹത്തില്‍ കണ്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് മനീഷ് സിസോദിയയെ ലോക്‌നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഡെങ്കിപ്പനി കൂടി സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി.

സിസോദിയ തന്നെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഡല്‍ഹി മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം. നേരത്തെ, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 17നായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

Content Highlight: After Covid positive Maneesh Sisodia diagnosed by Dengue Fever