ചൈനയിലെ ശീതികരിച്ച കായല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം

ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി ചൈന വൈറസ് വ്യാപനം കുറച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൈനയുടെ കിഴക്കന്‍ പ്രദേശമായ ക്വിങ്ടാവോയില്‍ സൂക്ഷിച്ചിരുന്ന കായല്‍ വിഭവങ്ങളുടെ പാക്കറ്റില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. കായല്‍ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

കൊവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കമ്പനി ജീവനക്കാരില്‍ നടത്തിവരുന്ന പതിവ് കൊവിഡ് ടെസ്റ്റിലാണ് രണ്ട് ജീവനക്കാരില്‍ രോഗം കണ്ടെത്തിയത്. എന്നാല്‍ ഇവരുമായി അടുത്തിടപഴകിയ മറ്റ് 147 പേര്‍ക്കും നെഗറ്റീവാണ്.

ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കൈകാര്യം ചെയ്തതിലൂടെ മാത്രം 51 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഏത് വസ്തുക്കളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നോ, എവിടെ നിന്നാണ് ഇവ ഇറക്കുമതി ചെയ്തതെന്നോ വ്യക്തമല്ല. രോഗ വ്യാപനത്തിന് സാധ്യത തോന്നിയ വസ്തുക്കള്‍ വിപണിയില്‍ എത്തിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ശീതികരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായി കണ്ടെത്തിയാല്‍ ഒരാഴ്ച്ചത്തേക്ക് ആ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Coronavirus found on stored seafood packages in China