അനില്‍ അംബാനി വായ്പയെടുത്ത തുക പിടിച്ചു കെട്ടാന്‍ ചൈനീസ് ബാങ്കുകള്‍; സ്വത്തുക്കള്‍ കണ്ടുകെട്ടും

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പയെടുത്ത തുക തിരിച്ചു പിടിക്കാന്‍ നീക്കവുമായി ചൈനീസ് ബാങ്കുകള്‍. അനില്‍ അംബാനി വായ്പയെടുത്ത 5,300 കോടി രൂപ തിരിച്ചു പിടിക്കാന്‍ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നീക്കവുമായാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്വത്തുക്കളാണ് ഇവര്‍ കണ്ടുകെട്ടുന്നത്.

ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് അനില്‍ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്ന ബാങ്കുകള്‍. 2012 ല്‍ അംബാനിക്ക് അനുവദിച്ച വായ്പാ തിരിച്ചടവ് 2017 മുതല്‍ മുടക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ലണ്ടനിലെ കോടതിയില്‍ അനില്‍ അംബാനി കഴിഞ്ഞ ദിവസം ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് ബാങ്കുകളുടെ നടപടി. ലളിതമായ ജീവിതശൈലി നയിക്കാന്‍ പോലുമുള്ള പണം തന്റെ കൈവശം ഇല്ലെന്നും സ്വന്തം അമ്മയോടും മകനോടും താന്‍ കടക്കാരനായിരിക്കുകയാണെന്നും അനില്‍ അംബാനി കോടതയില്‍ ബോധിപ്പിച്ചിരുന്നു.

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകള്‍ക്ക് ഏഴ് കോടി രൂപ നല്‍കണമെന്നും യു.കെ. കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ തുകയും അനില്‍ അംബാനി തിരിച്ചടച്ചിരുന്നില്ല.

Content Highlight: 3 Chinese banks to initiate action against Anil Ambani’s worldwide assets to recover debt: Report