ഫലപ്രദമെന്ന് തെളിയും മുൻപേ ജനങ്ങളിൽ കൊവിഡ് വാക്സിൻ കുത്തിവെക്കാൻ ആരംഭിച്ച് ചൈന

china is giving unproven covid 19 vaccines to thousands

കൊവിഡ് മാഹാമാരിക്കെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. പല വാക്സിനുകളും അവസാന ഘട്ടത്തിലെത്തിയെങ്കിലും പൂർണമായും സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ചൈന അവസാന ഘട്ട പരീക്ഷണത്തിലിരിക്കുന്ന വാക്സിൻ രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപെടെ ആയിരക്കണക്കിന് ജനങ്ങളിൽ ഇതുവരെ ചൈന വാക്സിൻ കുത്തിവെച്ചു കഴിഞ്ഞു. കൂടുതൽ ആളുകൾക്കു കൂടി വാക്സിൻ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ.

അധ്യാപകർ, സൂപ്പർ മാർക്കറ്റ് ജീവനക്കാർ, വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവർ എന്നിവർക്കാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ ഡോസ് നൽകുന്നതെന്നാണ് സൂചന. നിർബന്ധപൂർവമാണ് ജനങ്ങൾക്ക് വാക്സിൻ നൽകുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമാണ് വാക്സിൻ സ്വീകരിച്ചവർക്ക് നൽകിയിരിക്കുന്ന സർക്കാർ നിർദേശമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. തങ്ങളുടെ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വരും ദിവസങ്ങളിൽ തെളിയിക്കപെടുമെന്നാണ് വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ അവകാശപെടുന്നത്.

എന്നാൽ വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടില്ല. പരീക്ഷണങ്ങൾക്കായി ആളുകൾക്ക് വാക്സിൻ നൽകുന്നതല്ലാതെ ഒരു രാജ്യവും ഇതുവരെ സുരക്ഷിതമെന്ന് തെളിയിക്കപെടാതെ വിപുലമായ രീതിയിൽ ആളുകളിൽ കുത്തിവെച്ചിട്ടില്ല. നിലവിൽ വിതരണം ചെയ്തിരിക്കുന്ന പല വാക്സിനുകളും അവസാന ഘട്ട പരീക്ഷണത്തിലാണുള്ളത്. തെളിയിക്കപെടാത്ത വാക്സിൻ കുത്തിവെക്കുന്നത് പാർശ്വ ഫലങ്ങൾക്കിടയാക്കിയേക്കാമെന്നാണ് വിദഗ്ദർ അഭിപ്രായപെടുന്നത്.

Content Highlights; china is giving unproven covid 19 vaccines to thousands