വിവാദ പരാമർശവുമായി പശ്ചിമ ബംഗാളിൽ നിന്നുള്ള പുതിയ ദേശിയ സെക്രട്ടറി അനുപം ഹസ്ര. തനിക്ക് കൊവിഡ് ബാധിച്ചാൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആലിംഗനം ചെയ്യുമെന്നായിരുന്നു അനുപം ഹസ്രയുടെ പരാമർശം. ഇതിനെതിരെ പോലീസിന് പരാതി നൽകി. മുഖ്യമന്ത്രി മമതാ ബാനർജിയെ അപകീർത്തിപെടുത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. സിൽഗുരി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തൃണമൂൽ കോൺഗ്രസ് മുൻ എംപിയായിരുന്ന അനുപം ഹസ്ര 2019 ലാണ് ബിജെപിയിൽ ചേർന്നത്. എപ്പോഴെങ്കിലും തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത് പോയി അവരെ കെട്ടിപിടിക്കുമെന്നും രോഗം ബാധിച്ചവരുടേയും പ്രിയപെട്ടവർ നഷ്ടപെട്ടവരുടേയും വേദന അപ്പോൾ അവർ മനസിലാക്കും എന്നാണ് അനുപം ഹസ്ര ഞായറാഴ്ച പറഞ്ഞത്.
ബിജെപി ദേശിയ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ഈ പരാമർശം. അനുപം ഹസ്രയുടെ പരാമർശത്തിൽ ബിജെപി നേതാക്കളും അകലം പാലിക്കുകയാണ്. ഉത്തരവാദിത്തപെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞടുത്ത മുകുൾ റോയ് പ്രതികരിച്ചു.
Content Highlights; Complaint Against BJP Leader Over-Will hug Mamata if I get Covid-19′