സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യവുമായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രോഗ വ്യാപനത്തിന്റെ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന നിര്‍ദ്ദേശത്തോടൊപ്പമാണ് ഐഎംഎ ഇക്കാര്യവും ആവശ്യപ്പെട്ടത്.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് ഐഎംഎയുടെ തീരുമാനം. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലേ രോഗ വ്യാപനം സംബന്ധിച്ച ശക്തമായ നടപടികള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന നിര്‍ദ്ദേശമാണ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ട് വെക്കുന്നത്.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7,000 വരെ കടന്ന പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, വരും ദിവസങ്ങളില്‍ ഇത് പതിനായിരം വരെ എത്താമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.

കൊവിഡ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Content Highlights: IMA Demands declaration of Health Emergency in Kerala