ഉത്തർ പ്രദേശിൽ ഹത്രാസിൽ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാൻഡൻഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
എഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇരയ്ക്ക് വേഗത്തിലുള്ള നീതി നടപ്പിലാക്കാൻ കേസ് അതിവേഗ കോടതിയിൽ വിചാരണ നടത്തുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. മുഖമന്ത്രിയായി തുടരാൻ യോഗി ആദിത്യനാഥിന് ധാർമികമായി അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇരയേയും കുടുംബത്തിനേയും സംരക്ഷിക്കുന്നതിന് പകരം അവളുടെ ഒരോ മനുഷ്യാവകാശവും മരണത്തിൽ പോലും നിഷേധിക്കുന്നതിൽ സർക്കാർ പങ്കാളികളായെന്നും അതുകൊണ്ട് യോഗി ആധിത്യനാഥ് രാജി വെയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.
content highlights: Hathras gang-rape case: PM Narendra Modi speaks to UP CM Yogi Adityanath, calls for strict action against culprits