യോഗി ആദിത്യനാഥിന് അയോഗ്യതാപത്രം എഴുതി കേരളത്തിൽ നിന്നുള്ള ആയിരത്തിൽ അധികം സ്ത്രീകൾ

Thousands of women in Kerala gave ineligibility certificate to yogi adityanath

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിൽ നിന്ന് ആയിരത്തിൽ അധികം സ്ത്രീകൾ ഒപ്പിട്ട അയോഗ്യതാപത്രം. യോഗിയുടെ ഭരണം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രമുഖ സാഹിത്യകാരികൾ, രാഷ്ട്രീയ പ്രവർത്തകർ, സ്ത്രീപക്ഷ പ്രവർത്തകർ, കലാ-സിനിമ- മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥിനികൾ, തൊഴിലാളികൾ എന്നിവർ അയോഗ്യതാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. 

ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യൻ പൌരനും അപമാനമായ യോഗി ആദിത്യനാഥിന് ഇനി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്ന് അയോഗ്യതാപത്രത്തിൽ പറയുന്നു. ദളിതർക്കും സ്ത്രീകൾക്കും നീതി ഉറപ്പാക്കുന്നതിൽ യോഗി ആദിത്യനാഥ് പരാജയപ്പെട്ടുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

അയോഗ്യതപത്രത്തിൻ്റെ പൂർണരൂപം

‘നിങ്ങള്‍ ഭരിക്കുന്ന യു പിയില്‍ ഒരു ദളിത് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന അതിക്രൂരമായ ബലാത്സംഗ കൊലപാതകവും, അതിനെ തുടര്‍ന്ന് നിങ്ങളുടെ ഭരണകൂടം ആ പെണ്‍കുട്ടിയുടെ കുടുംബത്തോട് ചെയ്യുന്ന അനീതിയും അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവും അക്ഷന്തവ്യമായ അപരാധവുമാണ്.

നിങ്ങളുടെ സംസ്ഥാനത്തു നടന്ന ഈ ക്രൂരമായ ബലാത്സംഗ കൊലക്കെതിരെ നടപടിയെടുക്കുന്നതില്‍ നിങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടു. നിങ്ങളുടെ പൊലീസ് ദിവസങ്ങളോളം സംഭവത്തില്‍ കേസെടുക്കാതിരിക്കുകയും പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയുമാണ് ചെയ്തത്. ഒടുവില്‍ മരണപ്പെട്ട, സ്വന്തം മകളുടെ മൃതശരീരമെങ്കിലും ഒരു നോക്ക് കാണാനുള്ള കുടുംബാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുകയും നിയമവിരുദ്ധമായി നിഷ്‌കരുണം വീട്ടുകാരെ പൂട്ടിയിട്ടിട്ട് കത്തിച്ചു കളയുകയുമാണ് ചെയ്തത്. മാധ്യമങ്ങളെ പോലും പ്രവേശിപ്പിയ്ക്കാതെ അവിടെ നടക്കുന്നതെല്ലാം മറച്ചു വയ്ക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ നിങ്ങളുടെ ഭരണകൂടം വീണ്ടും അതിക്രമങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്നു.

മുസ്ലിം സ്ത്രീകളെ അവരുടെ ശവക്കല്ലറകളില്‍ നിന്നുമെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പ്രസ്താവിച്ച നിങ്ങള്‍ ഭരിക്കുന്ന യുപിയില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ദളിതരും സ്ത്രീകളും അവിടെ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സവര്‍ണര്‍ രാജ്യാധിപത്യത്തിനുള്ള തങ്ങളുടെ ആയുധമായി ബലാത്സംഗത്തെ ദളിത് സ്ത്രീകള്‍ക്ക് മേല്‍ ഉപയോഗിക്കുന്നു.അവിടെ നടപ്പാക്കപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടനയല്ല, സ്ത്രീവിരുദ്ധ ദളിത് വിരുദ്ധ മനു നീതിയാണ്. നിങ്ങളുടെ ഭരണം ഒരു വലിയ പരാജയമാണ്. നിങ്ങള്‍ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അപമാനമാണ്. അതു കൊണ്ട് നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ല എന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.’

content highlights: Thousands of women in Kerala gave ineligibility certificate to yogi adityanath