യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത്  പെൺകുട്ടിയുടെ മൃതദേഹം നിർബന്ധിച്ച് ബലം പ്രയോഗിച്ച് സംസ്കരിച്ചതായി റിപ്പോർട്ട്; ബന്ധുക്കളെ വീട്ടിൽ പൂട്ടിയിട്ടു

Hathras rape victim’s body forcibly taken away for cremation by UP cops, alleges family

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് നിർബന്ധിച്ച് സംസ്കരിച്ചതായി ബന്ധുക്കൾ. ബന്ധുക്കൾക്ക് അന്തിമോപചാരം പോലും അർപ്പിക്കാൻ അനുവദിക്കാതെ അർദ്ധരാത്രിയിൽ പൊലീസ് എത്തി സംസ്കാരത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് കുടുബം പറയുന്നു. കനത്ത പൊലീസ് കാവലിൽ പൊലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിൻ്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടുകാരെ ഉൾപ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്കരിച്ചത്.  

മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തെന്നും മാതാവിനേയും ബന്ധുക്കളേയും കാണാൻ അനുവദിച്ചില്ലെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ഡൽഹിയിൽ ഉൾപ്പെടെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ബലം പ്രയോഗിച്ച് സംസ്കാരം നടത്തുന്നത്. ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിക്കുന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോട് ഒരു തരത്തിലുള്ള മനുഷ്യത്വപരമായ നടപടിയും സ്വീകരിക്കാതെയായിരുന്നു സംസ്കാരം എന്നാണ് നാട്ടുകാർ പറയുന്നത്. 

content highlights: Hathras rape victim’s body forcibly taken away for cremation by UP cops, alleges family