ആണുങ്ങൾ ബലാത്സംഗം ചെയ്യുന്നത് തൊഴിലില്ലായ്മ മൂലം വിവാഹം കഴിക്കാൻ പറ്റാത്തതിനാൽ; വിവാദ പരാമർശവുമായി മാർക്കണ്ഡേയ കട്ജു

Justice Markandey katju on Hathras gang rape case

ഉത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി മുൻ സുപ്രിം കോടതി ജഡ്ജി മാർക്കേണ്ഡേയ കട്ജു. ഇന്ത്യയിൽ ബലാത്സംഗങ്ങളുടെ കാരണം ലെെംഗിക ദാരിദ്രമാണെന്നും തൊഴിലില്ലായ്മ പരിഹരിച്ച് യുവാക്കളെ വിവാഹം കഴിപ്പിച്ചാൽ ബലാത്സംഗം കുറയുമെന്നുമാണ് കട്ജു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഹത്രാസിൽ നടന്ന കൂട്ട ബലാത്സംഗത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും കട്ജു പറയുന്നു. ലെെംഗികത എന്നത് പുരുഷന്മാരിലെ സ്വഭാവിക പ്രേരണ ആണ്. ഭക്ഷണം എന്ന ആവശ്യത്തിന് ശേഷം അടുത്ത ആവശ്യം ലെെംഗികതയാണെന്ന് പറയാറുണ്ട്. ഇന്ത്യ പോലൊരു യാഥാസ്ഥിതിക സമൂഹത്തിൽ സാധാരണ ആളുകൾക്ക് വിവാഹത്തിലൂടെ മാത്രമെ ലെെംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുകയുള്ളു. എന്നാൽ തൊഴിലില്ലായ്മ അതിരൂക്ഷമായി വരുന്ന സാഹചര്യത്തിൽ  ധാരാളം ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ കഴിയുന്നില്ല. തൊഴിലില്ലാത്ത ഒരു പുരുഷനെ പെൺകുട്ടികൾ സാധാരണ വിവാഹം കഴിക്കാറില്ല.  ഇതുമൂലം വിവാഹ പ്രായമെത്തിയ വലിയൊരു വിഭാഗം പുരുഷന്മാർക്കും അവരുടെ ലെെംഗികാവശ്യം നിറവേറ്റാൻ പറ്റാതെ വരുന്നു. കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

1947ന് മുമ്പ് ഇന്ത്യയിൽ ജനസംഖ്യ 42 കോടിയായിരുന്നു. ഇന്ന് ഇന്ത്യയിൽ 135 കോടി ജനങ്ങളുണ്ട്. ജനസംഖ്യയിൽ നാലിരട്ടി വർധനവ് ഉണ്ടായി. എന്നാൽ തൊഴിലിൻ്റെ എണ്ണം ഏറെ കുറവാണ്. 2020 ജൂണില്‍ മാത്രം 12 കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഈ ഒരു അവസ്ഥയില്‍ ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാതിരിക്കുമോ?

ഒരിക്കൽ കൂടി പറയുന്നു. ഞാൻ ബലാത്സംഗങ്ങളെ ന്യായീകരിക്കുകയല്ല മറിച്ച് അതിനെ അപലപിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന സ്ഥിതവിശേഷം ബലാത്സംഗങ്ങൾ കൂട്ടുകയേ ഉള്ളു. ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനോ കുറയ്ക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടണം. കട്ജു ഫേസ്ബുക്കിൽ കുറിച്ചു

content highlights: Justice Markandey katju on Hathras gang rape case