സംസ്ഥാനത്ത് എല്ലായിടത്തും നിരോധനമില്ല: ഉത്തരവില്‍ വ്യക്തത വരുത്തി റവന്യുമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് വ്യക്തത വരുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം ചീഫ് സെക്രട്ടറി ഇന്നലെ അറിയിച്ചതു മുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യക്തത വരുത്തി റവന്യുമന്ത്രി രംഗത്ത് വന്നത്.

ഓരോ ജില്ലകളിലെയും സാഹചര്യം പരിഗണിച്ച് ആള്‍കൂട്ട നിയന്ത്രണം സംബന്ധിച്ച തീരുമാനത്തില്‍ കലക്ടര്‍മാര്‍ പ്രത്യേകം ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാനുള്ള അനുമതി വിലക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഈ ഉത്തരവില്‍ വിവാഹങ്ങള്‍ക്കും മരണാനന്തരകര്‍മങ്ങള്‍ക്കും മാത്രമായിരുന്നു ഇളവ്. ആരാധനാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അടക്കം സംസ്ഥാനത്താകെ ആള്‍ക്കൂട്ട വിലക്കും നിരോധനാജ്ഞയുമാണോയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായതോടെയാണ് റവന്യുമന്ത്രിയുടെ വിശദീകരണം.

വൈകീട്ടോടെ ജില്ലാ കളക്ടര്‍മാരുടെ വ്യക്തമായ ഉത്തരവ് ഇറങ്ങും. ആള്‍ക്കൂട്ടങ്ങളിലൂടെ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യത തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കണ്ടെയിന്‍മെന്റ് സോണകളില്‍ നിന്ന് പുറത്തുപോകുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നിരിക്കെ ഓഫീസുകളില്‍ പോകുന്നവരുടെ ഇളവ് സംബന്ധിച്ചും വ്യക്ത വരാനുണ്ട്.

Content Highlight: Revenue Minister Clarifies about 144 in Kerala