ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധം കെട്ടടങ്ങും മുമ്പേ വീണ്ടും വിവാദത്തിലായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രാസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയുള്‍പ്പെടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന യുപി സര്‍ക്കാരിന്റെ വാക്കുകളാണ് വിവാദത്തിന് വഴി വെച്ചത്. സംഭവത്തില്‍ മുഖം രക്ഷിക്കാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് യുപി സര്‍ക്കാര്‍.
പ്രത്യക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സര്‍ക്കാരിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാതെ പൊലീസ് വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് യുപി സര്‍ക്കാരിന്റെ പുതിയ നീക്കം.
കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് സിബിഐക്ക് വിടുന്ന കാര്യവും സര്‍ക്കാര്‍ പരിഗണയിലാണെന്നാണ് സൂചന.
അതേസമയം, പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞത് വന്‍ സങ്കര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക് പുറപ്പെടും. പ്രിയങ്കാ ഗാന്ധിയും ഇവര്‍ക്കൊപ്പം ഉണ്ടാകും.
Content Highlight: UP Government in Controversy on Polygraph test to Hathras rape Victim’s family