ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ട്: എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുത്: അക്ഷയ് കുമാര്‍

മുംബൈ: ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്ന് നടന്‍ അക്ഷയ് കുമാര്‍. എല്ലാ വ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കുറച്ച് ആഴ്ചകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പല പ്രശ്‌നങ്ങളും അത് ഉന്നയിക്കുന്നുണ്ട്. അത് ഇനിയും തുടരുകതന്നെ ചെയ്യുമെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചു. നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ഉണ്ടെന്നത് സത്യമാണ്. എല്ലായിടത്തും ഇത്തരത്തിലുളള ആളുകള്‍ കാണും.

അന്വേഷണ ഏജന്‍സികളും പൊലീസും നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിനിമാരംഗത്തെ എല്ലാവരും ഇതുമായി സഹകരിക്കും. സിനിമാ വ്യവസായത്തെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

Content Highlight: “All Of Bollywood Not Involved”: Akshay Kumar On Drugs Controversy