2021 ജൂലൈയോടെ ഇന്ത്യയിലെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 40 മുതല്‍ 50 കോടിയോളം ഡോസ് വാക്‌സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന ‘സണ്‍ഡെ സംവാദ്’ എന്ന ചര്‍ച്ചയുടെ നാലാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സീന്‍ നല്‍കുന്നതിന് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപഘടന കേന്ദ്രം തയാറാക്കി വരികയാണ്. ഹൈറിസ്‌ക് ഗ്രൂപ്പുകളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനു സംസ്ഥാനങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
40 മുതല്‍ 50 കോടിയോളം വാക്സിനാണ് ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 2021 ജൂലൈയോടെ 20 മുതല്‍ 25 കോടിയോളം ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. ഇതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോവിഡ് ബാധ മാരകമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതിനായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഒക്ടോബര്‍ അവസാനത്തോടെ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക പ്രകാരമുള്ളവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയെന്നും മന്ത്രി വിശദീകരിച്ചു.
Content Highlight: ‘Covid vaccine to be given to 250 million people by July 2021’; Union Health Minister