‘സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കാനാണ് കേരളത്തില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്’: എംഎം ഹസന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എംഎം ഹസന്‍ പറഞ്ഞു.

ആള്‍ക്കൂട്ട സമരങ്ങളാണ് കൊവിഡ് വ്യാപനത്തിനു കാരണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് അടക്കം ആവശ്യപ്പെട്ടു. പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് ഹസന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിനു പിന്നാലെയാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും അതിന് ശേഷമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ആദ്യം മുതല്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ജനകീയ പ്രതിഷേധങ്ങളെ വഴിതിരിച്ചു വിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും ഹസന്‍ പറഞ്ഞതായി ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച 8553 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4851 രോഗമുക്തി നേടി. 7527 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 23 പേരുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Content Highlight: M M Hassan against Pinarayi Government