ഹാത്രാസ് സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പേ ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു ക്രൂരതയുടെ വാര്‍ത്ത കൂടി. ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ദേഹാത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സെപ്റ്റംബർ 26 ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം പാടത്തു നിന്നും കണ്ടെത്തിയത്. കുട്ടി ബലാത്സംഗം ചെയ്യപെട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കുട്ടിയുടെ രണ്ട് ബന്ധുക്കളെ പോലീസ് അറസ്റ്റു ചെയ്തു.
മൃതദേഹം വയലില്‍ നിന്നാണ് അംഗഭംഗം വരുത്തിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. താനുമായി ഭൂമി തര്‍ക്കമുണ്ടായിരുന്ന രണ്ട് പേര്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും, കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നുവെന്നും അവരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ദേഹാത് എസ്പി കെ കെ ചൌധരി പറഞ്ഞു. ഹാത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ ജനരോഷം ഇരമ്പുന്നതിനിടെയാണ് ഈ സംഭവം.
Content Highlights; UP Girl’s Mutilated Body Found In Field, Family Alleges Rape