‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു’? നടപടിയെടുക്കണമെന്ന് ബിജെപി നേതാവ്

ലഖ്‌നൗ: ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച പൊലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ചിത്ര വാഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.

യുപിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഹത്രാസിലെ പോകും വഴിയാണ് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞത്. ഇതിനിടെയാണ് പ്രിയങ്കയുടെ കുപ്പായത്തില്‍ പൊലീസ് പിടിച്ചത്.

‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്ര ട്വീറ്റ് ചെയ്തു.

ചിത്രയുടെ പോസ്റ്റിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. നേരത്തെ എന്‍സിപിയില്‍ ആയിരുന്ന ചിത്ര വാഗ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ചിത്ര പാര്‍ട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം.

Content Highlight: Chitra Kishore Wagh on UP Police manhandling Priyanka Gandhi