കൊവിഡ് 19 ന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ ഇന്ത്യ പിന്നിട്ടിരിക്കാൻ സാധ്യതയെന്ന് കേന്ദ്രധനമന്ത്രാലയം. ദിനം പ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവ് രേഖപെടുത്തിയതിനാലാണ് ഇത്തരമൊരു സാധ്യതയെന്ന് മന്ത്രാലയം വ്യക്തമാക്കി. പോസിറ്റീവ് നിരക്ക് കുറയുന്നുണ്ടെങ്കിലും കൊവിഡ് പൂർണമായും മാറിയിട്ടില്ലെന്ന മുന്നറിയിപ്പിനൊടൊപ്പം നിയന്ത്രണങ്ങളിൽ ഇളവ് വരുമെന്നും പ്രതിസന്ധി മറികടക്കാൻ സഹായകമായ രീതിയിൽ സാമ്പത്തിക പ്രക്രിയകൾ ഉത്തേജിപ്പിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സാമൂഹികാകലം പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. സെപ്റ്റംബർ 17 മുതൽ 30 വരെയുള്ള 14 ദിവസത്തെ കാലയളവിൽ കൊവിഡ് ബാധിതരുടെ എണ്ണം 93000 ത്തിൽ നിന്നും 83000 ആയി കുറഞ്ഞതായും കൊവിഡ് പരിശോധനാ കണക്ക് 115000 ൽനിന്നും 124000 ആയി വർധിച്ചതായും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങലിലും ദേശീയ നിരക്കിനേക്കാൾ മെച്ചപെട്ട നിരക്കാണ് നിലവിൽ രേഖപെടുത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.
ലോകത്തിൽ തന്നെ ദിനം പ്രതി ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പരിശോധന വർധിപ്പിച്ചത് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സഹായിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. സർക്കാർ- സ്വകാര്യ മേഖലകളിൽ പരിശോധനാ ലാബുകളുടെ എണ്ണത്തിലും വർധനവുണ്ടായതായി സർക്കാർ കൂട്ടിച്ചേർത്തു.
Content Highlights; India May Have Crossed Covid-19 Peak in September Says Finance Ministry