യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍

ന്യൂ ഡല്‍ഹി: ഡല്‍ഹി: ഹാഥ്റസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്(കെ യു ഡബ്ല്യൂ ജെ) മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്നാരോപിച്ചാണ് സിദ്ദിഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത സിദ്ധിഖ് കാപ്പന്‍. വാര്‍ത്താ ശേഖരണരണത്തിന്റെ ഭാഗമായാണ് ഇദ്ദേഹം ഹത്രാസ് സന്ദര്‍ശിച്ചതെന്നാണ് കെ യു ഡബ്ല്യൂ ജെ വ്യക്തമാക്കുന്നത്. സിദ്ധിഖ് കാപ്പനൊപ്പം മറ്റ് മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ചെന്നും, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടികാട്ടിയാണ് സിദ്ധിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ തേജസ്, തത്സമയം ദിനപത്രങ്ങളില്‍ ജോലി ചെയ്തിരുന്ന സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ അഴിമുഖത്തിലാണ് ജോലി ചെയ്യുന്നത്.

Content Highlight: Kerala Union of Working Journalists has written to UP CM seeking the release of Siddique Kappan