ഒരു മണിക്കൂറില്‍ ഫലം; ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഗവേഷകര്‍

ന്യൂഡല്‍ഹി: ഒരു മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവാണോ നെഗറ്റീവോണോയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രീതി വികസിപ്പിച്ച് ജാമിയ മിലിയ ഗവേഷകര്‍. ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കൊവിഡ് കിറ്റ്. ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസി(എംസിആര്‍എസ്) ലെ ശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോല്‍സാഹിപ്പിക്കുമെന്നും അതിനാല്‍ കൊവിഡ് രോഗികളുടെ വീടിനു പുറത്തുള്ള ഇടപെടല്‍ ഒഴിവാക്കാനാകുമെന്നും ഗവേഷക സംഘം വിശദീകരിച്ചു. ഒരാള്‍ക്ക് അവരുടെ ഉമിനീര്‍ സാംപിള്‍ കിറ്റിലേക്ക് ഇട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയും. ആപ്ലിക്കേഷന്‍ വഴി പരിശോധനാ ഫലം എത്രയും വേഗം വ്യക്തിയെ അറിയിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഡോ. മോഹന്‍ സി ജോഷി, പിഎച്ച്ഡി വിദ്യാര്‍ഥികളായ മുഹമ്മദ് ഇഖ്ബാല്‍ അസ്മി, എംസിആര്‍എസിലെ എംഡി ഇമാം ഫൈസന്‍ തുടങ്ങിയവരാണ് ടീമിന് സഹായങ്ങള്‍ നല്‍കിയത്.

Content Highlight: Saliva based Covid testing kit developed by Jamia Milia team