‘നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടണോ’? കൊവിഡിനെ നിസാരവകരിച്ച് ട്രംപ്; നടപടി

വാഷിങ്ടണ്‍: മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊവിഡ് 19 നെ നിസാരവത്കരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിസാരമായ ജലദോഷ പനിയുമായാണ് ലോകത്താകമാനം 10 ലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ രോഗത്തെ ട്രംപ് താരതമ്യപ്പെടുത്തിയത്. തെറ്റിദ്ധാരണ പങ്കു വെച്ചതോടെ ട്രംപിന്റെ പോസ്റ്റിനെതിരെ ട്വിറ്ററും, ഫെയ്‌സ്ബുക്കും നടപടിയുമായി രംഗത്തെത്തി.

ജലദോഷപ്പനി മൂലം ലോകത്ത് ആയിരക്കണക്കിനാളുകള്‍ വര്‍ഷത്തില്‍ മരിക്കുന്നതായാണ് ട്രംപ് പോസ്റ്റ് ചെയ്തത്. ഇത്ര നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിച്ചതു പോലെ കൊവിഡിനൊപ്പവും ജീവിക്കണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

കൊവിഡ് പോസിറ്റീവ് ആയി വെറും നാല് ദിവസത്തെ കൊവിഡ് ചികിത്സക്കു ശേഷം മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് കൊവിഡിനെ നിസാരവത്കരിച്ച് പോസ്റ്റിട്ടത്. ചികിത്സ കഴിഞ്ഞെത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാസ്‌ക് മാറ്റി സംസാരിച്ചത് വിവാദമായിരുന്നു.

കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതായും പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിര്‍ത്തുന്നതായി ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു.  സമാനരീതിയിലെ ട്രംപിന്റെ പോസ്റ്റ് ചൊവ്വാഴ്ച ഫെയ്സ് ബുക്ക് നീക്കം ചെയ്തിരുന്നു. നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് 26,000 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

Content Highlight: Facebook, Twitter take action on Trump’s Covid downplayed statement