ആരോഗ്യമേഖല പുഴുവരിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഐ.എം.എ; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി

IMA controversial comment on health department of Kerala  

സംസ്ഥാന ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടന്മാരെ സസ്പെൻഡ് ചെയ്തപ്പോഴാണ് അപ്രകാരം അഭിപ്രായം പറഞ്ഞതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപകുമാർ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി എടുത്തതിനെ തുടർന്നാണ് ഈ രീതിയിൽ പ്രതികരിക്കേണ്ടി വന്നതെന്ന് ഐ.എം.എ പറഞ്ഞു.

ആരോഗ്യ മേഖല പുഴുവരിച്ചെന്ന ഐ.എം.എയുടെ വിമർശനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഐ.എം.എ വിദഗ്ധ സമിതിയല്ലെന്നും ഡോക്ടർന്മാരുടെ ഒരു സംഘടന മാത്രമാണെന്നുമായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. മറ്റ് സംസ്ഥാനങ്ങൾ ഐ.എം.എയെ അടുപ്പിക്കാറില്ല. സർക്കാരിന് ആരേയും മാറ്റി നിർത്തുന്ന നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ വിദഗ്ധരായ ഡോക്ടന്മാരുടെ സമിതി വേറെയുണ്ട്. അതിൽ ഐ.എം.എ അംഗങ്ങളായിട്ടുള്ള ഡോക്ടന്മാരുമുണ്ട്. ഇത്തരം സമിതികളുടെ നിർദേശങ്ങൾ സർക്കാർ കേൾക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എയുടെ പ്രതികരണം. 

content highlights: IMA controversial comment on health department of Kerala