കൊവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി

കൊവിഡിനെതിരായ വാക്സിൻ ഈ വർഷാവസനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വ്യക്തമാക്കി. രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യട്ടീവ് ബോർഡ് അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമുക്ക് വാക്സിൻ അത്യാവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ കണ്ടെത്താൻ സാധ്യതയുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ ഫെസിലിറ്റി പ്രകാരം ഒമ്പത് വാക്സിനുകളുടെ പരീക്ഷണമാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

220 കോടി വാക്സിനുകൾ 2021 അവസാനത്തോടെ ലോകം മുഴുവൻ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാക്സിൻ പരീക്ഷണം പൂർത്തിയായി കഴിയുമ്പോൾ ലോകത്തെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കുന്നതിനായി ലോക രാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യുഎസ് കമ്പനി ഫൈസറും ജർമൻ ഫാർമസ്യൂട്ടിക്കലായ ബയോൺടെകും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിനും, ജോൺസൺ അൻഡ് ജോൺസൺ കൊവിഡ് വാക്സിൻ, മോഡേണ, ഓക്സ്ഫഡ്- ആസ്ട്രാസൈനക, ചൈനയുടെ സിനോഫോം തുടങ്ങിയ കൊവിഡ് വാക്സിനുകളുടെ പരീക്ഷണങ്ങളും അവസാന ഘട്ടത്തിലാണ്

Content Highlights; “There Is Hope” COVID-19 Vaccine May Be Ready By Year-End: WHO Chief