മഞ്ചേരി മാർക്കറ്റിൽ കൊവിഡ് വ്യാപനം രൂക്ഷം; വ്യാപാരികളും തൊഴിലാളികളും ഉൾപെടെ 70 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid spread in manjeri market

മഞ്ചേരി മാർക്കറ്റിൽ കൊവിഡ് വ്യാപനം രൂക്ഷം. വ്യാപാരികളും തൊഴിലാളികളും ഉൾപെടെ 70 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇനിയും സാമ്പിൾ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. ഇതോടെ മാർക്കറ്റ് താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 70 പേർക്ക് കൊവിഡ് പോസിറ്റീവായത്. മാർക്കറ്റിൽ നിന്നും 300 ന് മുകളിൽ സാമ്പിളുകളാണ് ശേഖരിച്ചത്.

സമ്പർക്ക വ്യാപനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിലെ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉൾപെടെ വലിയ തോതിൽ രോഗം സ്ഥിരീകരിച്ചത്. നേരത്തെ മാർക്കറ്റിലെ ചുമട്ടു തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ലക്ഷണം കണ്ടതോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ചില വ്യാപാരികൾ രോഗ ലക്ഷണമുണ്ടായിട്ടും വിവരമറിയിക്കാതെ മറച്ചു വെച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതാണ് വലിയ തോതിൽ സമ്പർക്ക വ്യാപനത്തിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Content Highlights; covid spread in manjeri market