വാളയാർ കേസിൽ നീതി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പെൺകുട്ടികളുടെ അമ്മയുടെ സമരം

mother of walayar sisters start to strike at secretariate

വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള ദളിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ നീതി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് സമരമിരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്തിരുന്ന നാർക്കോട്ടിക് സെൽ ഡിവെെഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.

2017 ജനുവരി 13ന് 13 വയസുകാരിയും മാർച്ച് നാലിന് സഹോദരിയായ ഒൻപത് വയസുകാരിയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരിൽ കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെ ഏഴ് പേരിൽ നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് വിഷയത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ നേരത്തെ ഹെെക്കോടതിക്ക് മുന്നിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് വാളയാർ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽകെട്ടി സമരവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീതി ആവശ്യപെട്ട് മരിച്ച പെൺകുട്ടികളുടെ അമ്മ രംഗത്തുവരുന്നത്.  

content highlights: mother of walayar sisters start to strike at secretariate