സ്കൂൾ അധ്യയന വർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമതി. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നുണ്ടെങ്കിലും പാഠ്യപദ്ധതി ചുരുക്കരുതെന്നും കുട്ടികൾക്ക് ലഭിക്കേണ്ട പഠന ലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പു വരുത്തി മാത്രമേ അധ്യയന വർഷം പൂർത്തിയാക്കാവൂ എന്നും സമിതി നിർദ്ധേശിച്ചു. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും അധ്യാപകരോട് സ്കൂളിലെത്താൻ നിർദേശം നൽകണമെന്നും ശുപാർശയിലുണ്ട്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ ജെ പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും. സ്കൂൾ തുറക്കുന്ന അന്ന് മുതൽ അധിക സമയ ക്ലാസുകൾ ക്രമീകരിക്കുകയും ശനിയാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുകയും വേണം.
അധ്യയന വർഷം മെയിൽ ആകത്തക്ക വിധം പരീക്ഷകൾ നടത്തണമെന്നും ശുപാർശയിലുണ്ട്. വിക്ടേഴ്സ് ചാനൽ നടത്തുന്ന ഫസ്റ്റബെൽ ക്ലാസുകൾ വഴി പഠിപ്പിച്ചവ ഗ്രഹിച്ചോ എന്നറിയുന്നതിനായി പരീക്ഷക്ക് പകരം വർക്ക് ഷീറ്റുകൾ ഉപയോഗിക്കണമെന്നും സമിതി നിർദേശിച്ചു. സ്കൂൾ തുറക്കുന്നതിനനുസരിച്ച് പൊതു പരീക്ഷ നടക്കുന്ന പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും തുടങ്ങണം. പിന്നീട് രണ്ടാം ഘട്ടമായി ഒൻപതാം ക്ലാസും പതിനൊന്നാം ക്ലാസും തുടങ്ങണമെന്നും സ്കൂൾ തുറക്കുന്നതിനു മുൻപ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും വിദഗ്ദ സമിതി നിർദേശിച്ചു. സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ അധ്യാപകർ പരമാവധി സ്കൂളിലെത്തണമെന്നാണ് സമിതിയുടെ ശുപാർശ.
Contenmt Highlights; covid 19, schools reopen discussion








