ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രം; ഐഎംഎയ്ക്ക് മറുപടിയുമായി ആയുഷ് സമിതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കൊവിഡ് ചികിത്സ പ്രട്ടോക്കോള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മറുപടിയുമായി ആയുഷ് ഡോക്ടര്‍മാരുടെ സമിതി. പ്ലാസിബോ എന്നതിലുപരി ആയുര്‍വേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രമാണെന്നായിരുന്നു ആയുഷ് സമിതിയുടെ പ്രതികരണം. പുതിയ പ്രോട്ടോക്കോള്‍ രാജ്യത്തെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങള്‍ നല്‍കുമെന്നും ആയുഷ് സമിതി വ്യക്തമാക്കി.

ചെറിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്കും ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്കും കോവിഡിനെ നേരിടാന്‍ ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ആയുവര്‍വേദ ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ചോദ്യംചെയ്ത് ഐഎംഎ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.

നിരവധി ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിലവില്‍ കൊവിഡ് രോഗികള്‍ക്ക് ആയുര്‍വേദ, യോഗ ചികിത്സ നല്‍കുന്നുണ്ടെന്നും ആയുഷ് സമിതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രോട്ടോക്കോള്‍ രാജ്യത്തുടനീളമുള്ള ആയുഷ് ചികിത്സക്ക് സഹായകമാകുമെന്നും ആയുഷ് സമിതി വ്യക്തമാക്കി.

Content Highlight: Ayush protocol based on ‘empirical evidence’, govt counters IMA