കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മുൻ ആരോഗ്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കേരളത്തിൽ പരിശോധന നടത്തുന്ന നൂറ് പേരിൽ പതിനേഴിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ സമരങ്ങളും ഓണക്കാലത്ത് മാർക്കറ്റുകളിൽ ഉൾപ്പെടെ ഉണ്ടായ തിരക്കുമാണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.74 ശതമാനമാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1,011 ആരോഗ്യപ്രവർത്തകർക്കും രോഗ ബാധയുണ്ടായി. പത്ത് ദിവസത്തിനിടെ 288 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രോഗം വന്ന് പോയവരിൽ 30 ശതമാനം പേർക്കും ലക്ഷണങ്ങൾ കണ്ടെത്തുന്നുണ്ട്. ഈ സാഹചര്യം വിലയിരുത്തിയാൽ സംസ്ഥാനത്ത് നവംബർ വരെ കൊവിഡ് വ്യാപനം നീണ്ടുനിന്നേക്കാം. അദ്ദേഹം പറഞ്ഞു.
ഇന്നലെ മാത്രം കേരളത്തിൽ 11,755 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് ബാധിതരെന്ന നിലയിലേക്ക് സംസ്ഥാനത്തെ രോഗബാധ വളരുന്ന അവസ്ഥയിലെത്തി. ചികിത്സിക്കുന്ന രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നത് മറ്റൊരു വെല്ലുവിളിയാണ്.
content highlights: covid situation in Kerala on the critical stage