കേരളം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. 2016ൽ പ്രഖ്യാപിച്ച 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഹെെടെക്കാകുന്ന നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. ഒന്നു മുതൽ 7 വരെയുള്ള ക്ലാസുകളിലെ ഹെെടെക് ലാബ് പദ്ധതിയും പൂർത്തിയായതോടെയാണ് കേരളം ഈ നേട്ടം കെെവരിച്ചത്. കൊവിഡ് നിയന്ത്രണം കാരണം സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ 41 ലക്ഷം വിദ്യാർത്ഥികൾക്കാണ് കെെറ്റ് വിക്ടേഴ്സിലൂടെ ക്ലാസുകൾ നടക്കുന്നത്. 4,752 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ലാസ് മുറികളാണ് ഹെെടെക്കാക്കി മാറ്റിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാത്യക നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 41.01 ലക്ഷം കുട്ടികൾക്കായി 3,74,274 ഉപകരണങ്ങൾ വിന്യസിച്ചു. 1,19,055 ലാപ്ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു എസ് ബി സ്പീക്കറുകള്‍, 43,250 മൗണ്ടിംഗ് കിറ്റുകള്‍, 23,098 സ്‌ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്ഷന്‍ പ്രിൻ്റർ, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര്‍. ക്യാമറ എന്നിവയാണ് സ്‌കൂളുകളില്‍ വിന്യസിച്ച ഉപകരണങ്ങള്‍. 12,678 സ്കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൌകര്യം ഏർപ്പെടുത്തി. പരാതി പരിഹാരത്തിന് വെബ്പോർട്ടലും കോൾസെൻ്ററും ഏർപ്പെടുത്തി.
2 ലക്ഷം കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ വിന്യസിച്ചു. മുഴുവൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം നൽകി. 1,83,440 അധ്യാപകർക്ക് വിദഗ്ധ ഐസിടി പരിശീലനം നൽകി. പദ്ധതി പൂർത്തികരണത്തിനായി കിഫ്ബിയിൽ നിന്നും 595 കോടി രൂപയും ക്ലാസ് മുറികൾക്കായി പ്രാദേശിക തലത്തിൽ 135.5 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൌകര്യമൊരുക്കാൻ മാത്രം 730 കോടി രൂപ വകയിരുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
content highlights: State first to go digital in public education