നോട്ടുകളിലും ഫോണുകളുടെ പ്രതലത്തിലും കൊറോണ വൈറസ് 28 ദിവസം വരെ അതിജീവിക്കുമെന്ന് പഠനം

ബ്രിസ്‌ബ്രെയിന്‍: ലോകത്താകമാനം ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ നടത്തി ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി (സിഎസ്‌ഐആര്‍ഒ). കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കുമെന്ന പഠനത്തില്‍ നിശ്ചിത താപനിലയില്‍ ബാങ്ക് നോട്ടുകള്‍, ഫോണുകള്‍, എന്നിവയില്‍ 28 ദിവസം വരെ അതിജീവിക്കാനാകുമെന്നാണ് കണ്ടെത്തിയത്.

ഇരുട്ടില്‍ മൂന്ന് താപനിലകളിലായാണ് പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിനനുസരിച്ച് വൈറസിന്റെ അതിജീവന സാധ്യത കുറയുന്നതായും ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങും. കോട്ടണ്‍ പോലുള്ള വസ്തുക്കളില്‍ 14 ദിവസം വരെ വൈറസ് നിലനില്‍ക്കുമെങ്കിലും ചൂട് കൂടുന്നതിനനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് ചുരുങ്ങുമെന്നും പഠനം പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അപകടകാരിയാണോ, അണുബാധയ്ക്ക് കാരണമാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ അശ്രദ്ധമായി കൈകള്‍ കണ്ണിലോ മൂക്കിലോ സ്പര്‍ശിക്കുന്നതോടെ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രാഥമികമായി വൈറസിന്റെ സഞ്ചാരം വായുവിലൂടെയാണെന്നും ഉപരിതലത്തില്‍ നിന്നുള്ള രോഗ വ്യാപനത്തെപ്പറ്റി കൂടുതല്‍ വിശദ പഠനങ്ങള്‍ ആവശ്യമാണെന്നും സംഘം നിരീക്ഷിച്ചു.

Content Highlight: CSIRO finds Corona Virus can Survive For 28 Days On Surfaces