‘മാസ്‌കോ ലോക്ക്ഡൗണോ, ഏതു വേണമെന്ന് തീരുമാനിക്കൂ’; കൊവിഡ് രണ്ടാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര

മുംബൈ: കൊവിഡ് രണ്ടാം ഘട്ടത്തിന്റെ വരവ് തീവ്രമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാസ്‌ക് വേണോ, ലോക്ക്ഡൗണ്‍ വേണോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ നിലവില്‍ 1528226 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

10.792 പേര്‍ക്കാണ് ഞായറാഴ്ച്ച മാത്രം രോഗം സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങളായുള്ള കൊവിഡ് നിരക്കിലെ കുറവിനു ശേഷം വലിയ കുതിച്ചു കയറ്റമാണ് ശനിയാഴ്ച്ചത്തോടെ ഉണ്ടായതെന്ന് ഉദ്ധവ് താക്കറെ വിലയിരുത്തി. സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 40,349 ലേക്ക് ഉയര്‍ന്നു.

താരതമ്യേന കുറച്ച് പുതിയ കേസുകളുടെ പ്രവണത മൂന്നാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്. 24,619 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സെപ്റ്റംബര്‍ 17 ന് ശേഷം പുതിയ കേസുകള്‍ ഒരു ദിവസം 22,000 കടന്നിട്ടില്ല. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌പൈക്ക് സെപ്റ്റംബര്‍ 11 ന് 24,886 കേസുകളായി ഉയര്‍ന്നു. അതേസമയം, ഈ മാസത്തിലെ 11 ദിവസങ്ങളില്‍, ഒറ്റ ദിവസം കുത്തനെ ഉയര്‍ന്നത് ഒക്ടോബര്‍ ഒന്നിന് 16,476 കേസുകളാണ്.

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കാണുന്ന കുറവ് ആശ്വാസ മുഹൂര്‍ത്തമാണെന്നും എന്നാല്‍ ജനങ്ങളുടെ അശ്രദ്ധ മൂലം അത് ഇല്ലാതാക്കരുതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ അടുക്കുന്നതോടെ കൊവിഡിന്റെ രണ്ടാം തരംഗം സംഭവിക്കുമോയെന്ന ഭീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

Content Highlight: ‘Decide – mask or lockdown’: Uddhav Thackeray to Maharashtra amid fear of second Covid-19 wave