സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും; പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോയെന്ന പരിശോധന ആദ്യം നടത്തിയ ശേഷം ആന്റിജന്‍ പരിശോധനയും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ നിരക്കിലായിരിക്കും ആന്റിജന്‍ പരിശോധന. കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള പൂര്‍ണ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍, ഐസിഎംആര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍, ആശുപത്രി വികസന സമിതികള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കിയോസ്‌കുകള്‍ ആരംഭിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സക്കെത്തിച്ച രോഗിയെ പുഴുവരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ ഇരുത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം രോഗിക്ക് പരിചരണം ഉറപ്പു വരുത്താനുള്ള ക്രമീകരണം സൂപ്രണ്ട് നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Content Highlight: Kerala to increase Covid tests with Kiosk facility in public places