സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടു ഘട്ടമായിട്ടായിരിക്കും വിനോദ കേന്ദ്രങ്ങൾ തുറക്കുക. ആദ്യ ഘട്ടത്തിൽ ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് ഉപാധികളോടെ പ്രവേശിക്കാവുന്നതാണ്. ഹൌസ് ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താം. കടലോര ടൂറിസം കേന്ദ്രങ്ങളിൽ നവംബർ മുതൽ മാത്രമേ വിനോദ സഞ്ചാരത്തിന് അനുമതിയുള്ളു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികൾക്ക് 7 ദിവസം വരെ കേരളത്തിൽ നിൽക്കാം. ക്വാറൻ്റീൻ ആവശ്യമില്ല. ഇവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഒരാഴ്ച കഴിഞ്ഞും തുടരാൻ ആഗ്രഹിക്കുന്നവർ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ള ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. നിർബന്ധമായും മാസ്ക് ധരിക്കുകയും സാനിട്ടെെസർ ഉപയോഗിക്കുകയും മറ്റുള്ളവരിൽ നിന്ന് രണ്ട് മീറ്റർ അകലം പാലിക്കുകയും ചെയ്യണം. സന്ദർശന സമയങ്ങളിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം നേടുകയും ഐസോലേഷനിൽ പോകേണ്ടതുമാണ്.
content highlights: Kerala Tourist Destinations Except Beaches to open Today