‘നിങ്ങൾ മതേതരനായോ’ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം; കേസെടുക്കണമെന്ന് ആവശ്യം

Row between Maharashtra Governor Bhagat Singh Koshyari and CM Uddhav Thackeray may not end soon

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരനായി മാറിയോ എന്ന് ചോദിച്ച് പരിഹസിച്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലോക്ക്ഡൌണിൽ അടച്ച ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് മുഖ്യമന്ത്രി മതേതരനായി മാറിയോ എന്ന് പരിഹാസ രൂപേണ ചോദിക്കുന്നത്. എന്നാൽ താങ്കൾ അധികാരമേൽക്കുമ്പോൾ ചെയ്ത സത്യപ്രതിജ്ഞ ഓർമ്മ വേണമെന്നായിരുന്നു താക്കറെയുടെ മറുപടി. ഹിന്ദുത്വത്തെക്കുറിച്ച് ആരുെ തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തനിക്ക് ഗവർണറുടെ സർട്ടിഫിക്കറ്റ് ഈക്കാര്യത്തിൽ ആവശ്യമില്ലെന്നും താക്കറെ പറഞ്ഞു.

എൻസിപി നേതാവ് ശരത് പവാറും കത്തിനെതിരെ രംഗത്തെത്തി. കത്തിൽ ഉപയോഗിച്ചിട്ടുള്ള ഭാഷ ഗവർണറുടെ പദവിക്ക് ചേർന്നതല്ലെന്ന് ശരത് പവാർ വിമർശിച്ചു. മതേതരത്വം എന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയമാണെന്നും അത് ഭേദഗതി ചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി തന്നെ ഗവർണർക്കെതിരെ കേസെടുക്കണമെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കൊവിഡ് കാലത്ത് തൽക്കാലം ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്. ബാറുകളും റസ്റ്റോറൻ്റുകളും തുറന്ന സര്‍ക്കാരിന് എന്തുകൊണ്ടാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ ബുദ്ധിമുട്ടെന്നാണ് ബിജെപിയുടെയും ഗവര്‍ണറുടെയും ചോദ്യം. മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലാണ്.

content highlights: Row between Maharashtra Governor Bhagat Singh Koshyari and CM Uddhav Thackeray may not end soon