പരസ്യം പിൻവലിച്ച് തനിഷ്ക്; മതസ്പർധ സാധാരണമാകുന്ന ഇന്ത്യയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ശശി തരൂർ

Tanishq withdraws advertisement on inter-faith marriage following social media criticism 

ട്രോളുകളും വിമർശനങ്ങളും ശക്തമായതോടെ പുതിയ പരസ്യ ചിത്രം പിൻവലിച്ച് തനിഷ്ക് ജ്വല്ലറി. ടെെറ്റാൻ ഗ്രൂപ്പിൻ്റെ കീഴിലുള്ള കമ്പനി ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങളെ തുടർന്ന് പിൻവലിച്ചിരിക്കുന്നത്. എന്നാൽ പരസ്യത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തുവന്നു. മതസ്പർധ ഇന്ത്യയിൽ സാധാരണ സംഭവമാകുന്ന ദിവസം വന്നുചേരുമെന്ന് കരുതിയിരുന്നില്ലെന്ന് ശശി തരൂർ ട്വിറ്ററിലൂടെ പറഞ്ഞു. 

തനിഷ്ക് ജ്വല്ലറി പരസ്യ വിവാദത്തിന് ദുഖപര്യവസാനമായിരിക്കുന്നു. തനിഷ്ക് ജ്വല്ലറിയുടെ കീഴടങ്ങൽ ചിലർ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഞാൻ വളർന്നുവന്ന ഇന്ത്യ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു. മതസ്പർധ പ്രചരിപ്പിക്കുന്നത് തികച്ചും സാധാരണ ഒരു കാര്യമായി തീരുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ മാറുമെന്ന് ചിന്തിച്ചിരുന്നേയില്ല- ശശി തരൂർ പറഞ്ഞു. നേരത്തെ തന്നെ പരസ്യത്തിന് പിന്തുണയുമായി ശശി തരൂർ എത്തിയിരുന്നു. ഹിന്ദു-മുസ്ലീം സാഹോദര്യം വിഷയമാകുന്ന മനോഹരമായ പരസ്യമാണ് ഇതെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിത കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അതേസമയം പരസ്യം പിൻവലിച്ച ശേഷവും തനിഷ്കിനെതിരെ വിദ്വേഷ പ്രചരണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. പരസ്യം പിൻവലിച്ചാൽ മാത്രം പോര മാപ്പ് പറയണമെന്നാണ് ഇപ്പോൾ ട്വിറ്ററിൽ ആരംഭിച്ചിരിക്കുന്ന ക്യാമ്പെയിൽ. 

content highlights: Tanishq withdraws advertisement on inter-faith marriage following social media criticism