കോൺഗ്രസ് മാനസിക വൈകല്യമുള്ളവരുടെ പാർട്ടിയാണെന്ന ബിജെപി നേതാവ് ഖുശ്ബുവിന്റെ പരാമർശത്തിൽ ഖുശ്ബു മാപ്പ് പറഞ്ഞു. ഖുശ്ബുവിന്റെ പരാമർശം മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിക്കുന്നതാണന്ന വിമർശനം ഉയർന്നിരുന്നു.
മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി പ്രവർത്തിക്കുന്ന സംഘടന തമിഴ്നാട്ടിലെ 30 പോലീസ് സ്റ്റേഷനുകളിലായി ഖുശ്ബുവിനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് ഖുശ്ബു ഖേദം പ്രകടിപ്പിച്ചത്. കോൺഗ്രസിലുള്ളവർ മാനസിക വൈകല്യമുള്ളവരാണെന്നായിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിപ്പോൾ ഖുശ്ബു പറഞ്ഞത്. കോൺഗ്രസ് വിട്ടത് സംബന്ധിച്ച് പാർട്ടിയിൽ നിന്ന് ഉയർന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിവാദ പ്രതികരണം.
“ഒരു നിമിഷത്തെ വികാര വിക്ഷോഭത്താല്‍ തെറ്റായ വാക്കുകൾ ഉപയോഗിച്ചതിൽ അതിയായി ഖേദിക്കുന്നു. എന്റെ വാക്കുകൾ വേദനിപ്പിച്ചവരോട് ക്ഷമാപണം നടത്തുന്നു. ബൈപോളാര്‍, വിഷാദം തുടങ്ങിയവയുള്ളവരെ നേരിട്ടറിയാം. അവരുടെ വികാരം മാനിക്കുന്നു. ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ല. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, വിലമതിക്കുന്നുമുണ്ട്’” ഖുശ്ബു വ്യക്തമാക്കി.
ഒക്ടോബർ 12 നാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ നയിക്കാൻ മോദിയെ പോലെ ഒരു നേതാവ് വേണമെന്നും മോദിയെ പോലൊരു നേതാവുണ്ടെങ്കിലെ നാടിന് മുന്നേറ്റം ഉണ്ടാകുവെന്നും ഖുശ്ബു പറഞ്ഞു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.
Content Highlights; khushbu sundar issues apology over remark against congress