സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ ഇടയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആയിരത്തോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid spreading among bank employees

സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്. എല്ലാ ശാഖകളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചതും അത്യാവശ്യമില്ലാത്ത ബാങ്കിങ് സേവനങ്ങൾക്ക് ഇടപാടുകാർ വലിയ തോതിൽ ശാഖകളിലേക്ക് വരുന്നതും തിരക്ക് വർധിക്കുന്നതിന് ഇടയാക്കിയെന്നും നിയന്ത്രണം പാലിക്കാൻ കഴിയാതെ വന്നതോടെ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും ഉദ്യോഗസ്ഥരുടെ സംഘടന പറയുന്നു. ആയിരത്തോളം ജീവനക്കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രണ്ട് ബാങ്ക് ജീവനക്കാർ ഇതിനോടകം മരിച്ചിട്ടുണ്ട്. 

ജീവനക്കാർക്ക് രോഗം ബാധിക്കുമ്പോൾ സഹ ജീവനക്കാർ ക്വാറൻ്റീനിൽ  പോകേണ്ടിവരുന്നത് കാരണം പല ശാഖകളിലും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമല്ലാതെ വരുന്നുണ്ട്. ഇത് ഇടപാടുകാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഭൂരിഭാഗം ബാങ്ക് ശാഖകളും എയർ കണ്ടീഷൻ ചെയ്തതാണ്. അതുപോലെ മിക്കവാറും ശാഖകൾ ചെറിയ ഫ്ലോർ ഏരിയയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ സാമൂഹ്യ അകലം പാലിക്കാൻ കഴിയാതെ വരുന്നു. ഇത് രോഗവ്യാപനം രൂക്ഷമാക്കാൻ ഇടയാക്കിയെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. 

ബാങ്കുകളിലെ തിരക്കുകൾ കുറയ്ക്കുന്നതിനും ഇടപാട് സമയം ലഘൂകരിക്കുന്നതിനുൾപ്പെടെ അടിയന്തര സഹായം വേണമെന്നും നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് ഏംപ്ലോയീസ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തി തടസ്സമില്ലാതെ ബാങ്കിങ് സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും അൻപത് ശതമാനം ജീവനക്കാർ ഒരു ദിവസം ജോലിക്ക് വരേണ്ടതുള്ളു എന്ന നിബന്ധന നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. 

content highlights: covid spreading among bank employees