കൊവിഡിനെ പ്രതിരോധിക്കില്ല; ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിനെതിരെ ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വീന് ഒപ്പം തന്നെതുടക്കം മുതലേ ഉപയോഗിച്ചിരുന്ന റെംഡെസിവിര്‍ കൊവിഡ് കുറക്കുന്നതിന് സഹായകമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ ട്രയല്‍. മരണ നിരക്ക് കുറക്കുന്നതിനോ കൊവിഡ് രോഗികളുടെ ആശുപത്രി വാസത്തിന്റെ ദൈര്‍ഖ്യം കുറക്കുന്നുതിനോ മരുന്നിനു സാധിക്കില്ലെന്നാണ് ക്ലിനിക്കല്‍ പരിശോധനയിലൂടെ ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് ബാധിതനായപ്പോഴും ഉപയോഗിച്ചത് റെംഡെസിവിര്‍ ആയിരുന്നു. മുപ്പതിലധികം രാജ്യങ്ങളില്‍ 11,266 മുതിര്‍ന്ന രോഗികളില്‍ നടത്തിയ പഠനത്തിലാണ് റെംഡെസിവിര്‍ കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന നിഗമനത്തില്‍ ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. റെംഡെസിവിറിന് പുറമേ, ഹൈഡ്രോക്സിക്ലോറോക്വിന്‍, ആന്റി എച്ച്.ഐ.വി. ഡ്രഗ് കോമ്പിനേഷനായ ലോപിനാവിര്‍/റിട്ടോനാവിര്‍, ഇന്റര്‍ഫെറോണ്‍ എന്നീ മരുന്നുകളുടേയും ഫലപ്രാപ്തിയും പഠനവിധേയമാക്കിയിരുന്നു. പഠനറിപ്പോര്‍ട്ട് ഇനിയും അവലോകനം ചെയ്തിട്ടില്ല.

പഠനസമയത്ത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍, ലോപിനാവിര്‍/റിട്ടോനാവിര്‍ എന്നിവയുടെ ഉപയോഗം ജൂണ്‍ മാസത്തില്‍ തന്നെ നിര്‍ത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അതേസമയം, ഈ മാസം ആദ്യം യുഎസ് നടത്തിയ പറനത്തില്‍ മറ്റ് കൊവിഡ് ബാധിതരെക്കാള്‍ റെംഡെസിവിര്‍ ഉപയോഗിക്കുന്നരോഗികള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നതായി കണ്ടെത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് റെംഡെസിവിര്‍ ഫലപ്രദമാണോയെന്ന് കണ്ടെത്താന്‍ നിരവധി പഠനങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നു.

Content Highlight: Remdesivir Fails to Prevent Covid-19 Deaths in Huge Trial