ഇറ്റലിയില്‍ കൊവിഡ് രണ്ടാം തരംഗം; പ്രതിദിന കൊവിഡ് കണക്ക് ആദ്യമായി പതിനായിരം കടന്നു

റോം: കൊവിഡ് ആരംഭഘട്ടത്തില്‍ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ കൊവിഡിന്റെ രണ്ടാം തരംഗം. രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിതര്‍ പതിനായിരം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഏറ്റവുമധികം കൊവിഡ് ബാധിച്ചത് ഇറ്റലിയിലായിരുന്നു.

കഴിഞ്ഞ 24 ണിക്കൂറിനിടെ 10,010 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് 8,804 ആയിരുന്നു. 55 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന മരണ സംഖ്യ 900 ആയിരുന്നു.

ആദ്യഘട്ടത്തേക്കാള്‍ രോഗവ്യാപനം അധികമാണെങ്കിലും മരണ സംഖ്യ കുറവായത് ആശ്വാസം നല്‍കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പരിമിതമാണെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് പ്രാദേശിക ഭരണാധികാരികള്‍ അവരുടെ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഹലോവീന്‍ ദിനമായ നവംബര്‍ ഒന്നിന് കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Covid second wave hit Italy